
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ താത്കാലികമായി പിരിഞ്ഞു. ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക് സഭ വീണ്ടും ചേരും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചപ്പോഴും പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു.
പ്രധാനമന്ത്രി അംഗങ്ങളെ പരിചയപ്പെടുത്തുന്ന അവസരത്തില്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകള്‍ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടങ്ങിയത്. ഫോണ്‍ ചോർത്തൽ സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. പ്രതിപക്ഷം ജനാധിപത്യപരമായി പെരുമാറണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം അടങ്ങിയില്ല. ചർച്ചകൾക്ക് അവസരമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായതോടെ സഭ നിർത്തിവയ്ക്കുകയായിരുന്നു.
പഗൊസെസ് ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്കി. ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത് എന്‍ കെ പ്രേമചന്ദ്രന് എംപിയാണ്.