0 Comments

ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി കേരളത്തില്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ ഇളവ് അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഗുരുതരമായ വിഷയമാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ സ്ഥിതി നിരാശാജനകം ആണെന്ന് ഇളവുകള്‍ ന്യായീകരിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.  ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിലേക്ക് കടന്ന് കയറാന്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് കഴിയരുത് എന്ന് കോടതി നിര്‍ദേശിച്ചു. മത സംഘടനകള്‍ ഉള്‍പ്പടെയുള്ള സമ്മര്‍ദ്ദ വിഭാഗങ്ങള്‍ക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാന്‍ കഴിയില്ല. മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ കാരണം എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അത് കോടതിയുടെ ശ്രദ്ധയില്‍ പൗരന്മാര്‍ക്ക് കൊണ്ട് വരാം. അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്ന കേരളത്തിൽ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹ‍ർജി എത്തിയത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകൾ തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നൽകിയ ഇളവുകൾ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹ‍ർജി നൽകിയത്. ഹ‍ർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *