
പാരീസ്: പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം.
ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തുകയും ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.
ഇസ്രയേല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലും വിവാദം പുകയുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.