0 Comments

കണ്ണൂർ:തദ്ദേശ സ്ഥാപനങ്ങളെ ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പുതിയ ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ള മേഖലകളെ(കാറ്റഗറി എ)വ്യാപനം കുറഞ്ഞ പ്രദേശമായും അഞ്ചു മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ (കാറ്റഗറി ബി) മിതമായ വ്യാപനമുള്ളത്, 10 മുതല്‍ 15 ശതമാനം വരെയുള്ളത് (കാറ്റഗറി സി) അതിവ്യാപനമുള്ളത്, 15 ശതമാനത്തിന് മുകളിലാണെങ്കില്‍ (കാറ്റഗറി ഡി) അതിതീവ്ര വ്യാപനമുള്ളത് എന്നിങ്ങനെ തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക. എ കാറ്റഗറിയില്‍ നാലും ബി കാറ്റഗറിയില്‍ 28 ഉം സി കാറ്റഗറിയില്‍ 39 ഉം ഡി കാറ്റഗറിയില്‍ 10 ഉം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്.

കാറ്റഗറി എ യില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍:

സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, കമ്പനികള്‍, കമ്മീഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡം പ്രകാരം പ്രവര്‍ത്തിക്കാം. അക്ഷയ/ജനസേവ കേന്ദ്രങ്ങള്‍, എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്‌കൃത സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, റിപ്പയറിംഗ് കടകള്‍ (വാഹനം ഉള്‍പ്പെടെ), ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ എന്നിവ ശനി, ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, എന്നിവ ഹെയര്‍ സ്റ്റൈലിങ്ങിന് മാത്രമായി പ്രവര്‍ത്തിപ്പിക്കാം. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.  വിദേശ മദ്യ ഷോപ്പുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ മദ്യവില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കുന്ന സമയക്രമം അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പാഴ്സലുകളായി മാത്രം വില്പന നടത്താം.

ടാക്‌സി, ഓട്ടോ (ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍) എന്ന ക്രമത്തില്‍ സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ ഒരേ കുടുംബത്തിലുള്ളവരാണെങ്കില്‍ എണ്ണം ബാധകമല്ല. പരമാവധി 20 പേരെ ഉള്‍പ്പെടുത്തി എസി ഒഴിവാക്കി, വായു സഞ്ചാരവും സ്ഥലസൗകര്യവും ഉറപ്പാക്കി ജിം, ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ എന്നിവ നടത്താം. ഔട്ട്‌ഡോര്‍ മൈതാനങ്ങളില്‍ ശാരീരിക സമ്പര്‍ക്കം ആവശ്യമില്ലാത്ത കായിക വിനോദങ്ങളും പ്രഭാത സവാരിയും നടത്താം. വീട്ടു ജോലിക്കായി പോകുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്. ആരാധനാലയങ്ങളിലെ പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡ പ്രകാരം പരമാവധി 15 പേരെ മാത്രം. ഭക്ഷണവിതരണ ശാലകളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 9.30 വരെ പാഴ്സലായി ഭക്ഷണ വിതരണവും ഹോം ഡെലിവറിയും നടത്താവുന്നതാണ്.

ടൂറിസം മേഖലയില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര -കേരള സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എസ് ഒ പി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ തെളിവ് കയ്യില്‍ കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഉള്ള അഥിതികളെ മാത്രമേ അനുവദിക്കുകയുള്ളൂ.

കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍:

സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍, കമ്പനികള്‍, കമ്മീഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 100 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡം പ്രകാരം പ്രവര്‍ത്തിക്കാം. അക്ഷയ/ജനസേവ കേന്ദ്രങ്ങള്‍, എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.

നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ (മരുന്ന്, റേഷന്‍ കടകള്‍, പാല്‍, പത്രം, പഴം, പച്ചക്കറി, ബേക്കറി, കാലിത്തീറ്റ, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുന്ന കടകള്‍, പലചരക്ക്, മത്സ്യം, മാംസം,) എന്നിവ രാവിലെ ഏഴു മുതല്‍ എട്ടു മണി വരെ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, എന്നിവ ഹെയര്‍ സ്റ്റൈലിങ്ങിന് മാത്രമായി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം.

ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകള്‍ എന്നിവ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം. വിദേശ മദ്യ ഷോപ്പുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ മദ്യവില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കുന്ന സമയക്രമം അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പാഴ്സലുകളായി മാത്രം വില്പന നടത്താം. ടൂറിസം മേഖലയില്‍ താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര -കേരള സര്‍ക്കാറുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എസ് ഒ പി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കാം.

ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ തെളിവ് കയ്യില്‍ കരുതണം. 72 മണിക്കൂറിനുള്ളില്‍ എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്‌സിന്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റോ ഉള്ള അഥിതികളെ മാത്രമേ അനുവദിക്കുകയുള്ളൂ. വീട്ടു ജോലിക്കായി പോകുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്. ആരാധനാലയങ്ങളിലെ പ്രവേശനം കര്‍ശന കൊവിഡ് മാനദണ്ഡ പ്രകാരം പരമാവധി 15 പേരെ മാത്രം. ഭക്ഷണവിതരണ ശാലകളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 9.30 വരെ പാഴ്സലായി ഭക്ഷണ വിതരണവും ഹോം ഡെലിവറിയും നടത്താവുന്നതാണ്.

കാറ്റഗറി സി: ഈ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണം ആയിരിക്കും.

അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് എട്ട് വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, കാര്‍ഷിക വൃത്തിയോടാനുബന്ധിച്ചുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങള്‍, ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെ പ്രവര്‍ത്തിക്കാം.

മറ്റു കടകള്‍ (തുണിക്കട, ആഭരണക്കട, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, പുസ്തക കടകള്‍) എന്നിവ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. ഇലക്ട്രോണിക് ഷോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകള്‍ എന്നിവ വെള്ളിയാഴ്ച ദിവസം രാവിലെ ഏഴു മുതല്‍ എട്ട് മണിവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഹോം ഡെലിവറി സംവിധാനം രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു മണി വരെ.

കാറ്റഗറി ഡി: ട്രിപ്പിള്‍ ലോക്ഡൗണ്‍

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍ എന്നിവക്ക് അവശ്യ ജിവനക്കാരെ മാത്രം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. അവശ്യ സേവന വിഭാഗത്തില്‍പ്പെട്ട 24 മണിക്കൂറും തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. ഐ ടി, ഐടി എനേബിള്‍ഡ് സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

ടെലികോം ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് (വാഹനങ്ങള്‍ക്കും) അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതി യാത്ര ചെയ്യാം. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒഴികെയുള്ള ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി തുറക്കാം. പാല്‍, പഴം-പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം-മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഏഴു മണി വരെ പ്രവര്‍ത്തിക്കാം.

ബേക്കറി, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും രാവിലെ ഏഴു മുതല്‍ രാത്രി ഏഴുമണി വരെ ഹോംഡെലിവറി മാത്രം. ചികിത്സക്കായി പോകുന്നവര്‍, കൂട്ടിരിപ്പുകാര്‍, വാക്സിനേഷനായി പോകുന്നവര്‍ എന്നിവര്‍ക്ക്  രേഖകള്‍ കൈയ്യില്‍ കരുതി യാത്ര ചെയ്യാം. ദീര്‍ഘദൂര ബസ് സര്‍വ്വീസ് അനുവദനീയം. റെയില്‍വെ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം. യാത്രാ രേഖകള്‍/ ടിക്കറ്റ് കൈയ്യിലുണ്ടായിരിക്കണം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നിവ കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പരമാവധി 20 പേരെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *