0 Comments

കൊച്ചി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. കാബൂള്‍ സ്വദേശിയായ ഈദ് ഗുള്‍ (22) ആണ് അറസ്റ്റിലായത്. നാവികസേനയ്ക്ക് വേണ്ടി വിമാനവാഹിനി നിർമിക്കുന്നതിനാൽ വർഷങ്ങളായി അതീവസുരക്ഷയിലാണ് കപ്പൽശാല. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബോ ബസാറില്‍നിന്ന് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജൂൺ 28നാണ് കപ്പൽശാല അധികൃതർ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്. അപ്പോഴേക്കും ഇയാൾ മുങ്ങി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണ‌റുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാൾ കൊൽക്കത്തയിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തിച്ചു.

ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും അമ്മ ദലീറോ ബീഗം അസം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. 2018ൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇവിടെ വിവിധ ജോലികൾ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാർക്കൊപ്പം കൊച്ചിയിൽ എത്തുന്നത്. അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളാണ്. അവർ വഴിയാണ് വെൽഡിംഗ് ഉൾപ്പെടെ പണികൾക്കായി ജോലിക്ക് കയറിയത്. അതിനുവേണ്ടിയാണ് അമ്മയുടെ നാടായ അസമിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും പാസ്പോ‌ർട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്.

നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയ സംഭവം എന്‍ഐഎ അന്വേിക്കുന്നുണ്ട്. ഈ കേസില്‍ രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികളെയാണ് പിടികൂടിയത്. ഇപ്പോള്‍ വിദേശ പൗരന്‍ വ്യാജരേഖയുണ്ടാക്കി കപ്പല്‍ശാലയില്‍ എത്തിയതും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇതും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *