0 Comments

ലണ്ടൻ: ഇന്ത്യക്കെതിരെ അടുത്തമാസം ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള 17 അം​ഗ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ പേസ് ബോളർ ജോഫ്ര ആർച്ചർക്കു വിശ്രമം നല്‍കി. ന്യൂസീലൻഡിനെതിരായ പരമ്പര നഷ്ടമായ ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്‌ലർ, സാം കറൻ എന്നിവർ ടീമിൽ മടങ്ങിയെത്തി. ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്(ഇസിബി) പ്രഖ്യാപിച്ചത്.

അരങ്ങേറ്റ മത്സരത്തിലെ ഉജ്വല പ്രകടനത്തിനു പിന്നാലെ, മുൻപു ട്വീറ്റ് ചെയ്ത അനിഷ്ട സന്ദേശങ്ങളുടെ പേരിൽ പിഴയും 8 കളികളിലെ വിലക്കും നേരിട്ടിരുന്ന പേസർ ഓലി റോബിൻസനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. വലതു കൈമുട്ടിനു പരുക്കേറ്റ ജോഫ്ര ആർച്ചർക്കു പരമ്പരതന്നെ നഷ്ടമായേക്കുമെന്ന സൂചനയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നൽകി. ഓൾ റൗണ്ടർമാരായ ബെൻ സ്റ്റോക്സും സാം കറനും മടങ്ങിയെത്തുന്നതു ടീമിന്റെ സന്തുലിതാവസ്ഥ വർധിപ്പിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ക്രിസ് സിൽവർവുഡ് പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ കളിച്ച് ഏഴു വിക്കറ്റുമായി തിളങ്ങിയ പേസർ ഓലീ റോബിൻസണെ 2012ലും 2014ലും നടത്തിയ വിവാദ ട്വീറ്റുകളുടെ പേരിൽ ഇസിബി പിഴയും വിലക്കും ചുമത്തിയെങ്കിലും ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെടുക്കുകയായിരുന്നു. 5 മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ്് ഓഗസ്റ്റ് 4നു ട്രെന്റ് ബ്രിജിലും രണ്ടാം ടെസ്റ്റ് 12നു ലോഡ്സിലും നടക്കും.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം: ജോ റൂട്ട് (ക്യാപ്റ്റൻ), ജയിംസ് ആൻഡേഴ്സൻ, ജോണി ബെയർസ്റ്റോ, ഡോം ബെസ്സ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, ജോസ് ബട്‌ലർ, സാക്ക് ക്രൗളി, സാം കറൻ, ഹസീബ് ഹമീദ്, ഡാൻ ലോറൻസ്, ലാക്ക് ലീഷ്, ഓലി പോപ്പ്, ഓലി റോബിൻസൻ, സോം സിബിലി, ബെൻ സ്റ്റോക്സ്, മാർക്ക് വുഡ്.

 

 

Leave a Reply

Your email address will not be published. Required fields are marked *