0 Comments

മുംബൈ: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്ത കേന്ദ്ര നടപടിക്ക് പിറകേ രാജീവ് ഗാന്ധിയുടെ പേരില്‍ ഒരു പുരസ്‌കാരം തന്നെ ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കമ്പനികള്‍ക്കാണ് പുരസ്‌കാരം നല്‍കുക.

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് നേരത്തെ ശിവസേന രംഗത്തുവന്നിരുന്നു. ജനങ്ങളുടെ തീരുമാനപ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും രാഷ്ട്രീയക്കളി മാത്രമാണ് ഇതിന് പിന്നിലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ പറഞ്ഞിരുന്നു.

രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികമായ ഓഗസ്റ്റ് ഇരുപതിന് പുരസ്‌കാരം ഔദ്യോഗികമായി പ്രഖ്യാപിക്കും.  ഈ വര്‍ഷം പുരസ്‌കാര ജേതാക്കളെ ഒക്ടോബര്‍ മുപ്പതിനകം മാത്രമേ തിരഞ്ഞെടുക്കൂ. മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *