0 Comments

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തടസപ്പെടുത്തിയതിന് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്രസര്‍ക്കാര്‍.രാജ്യസഭയിൽ മേശക്ക് മുകളിൽ കയറിയവർക്കെതിരെയും, മാർഷൽമാരോട് മോശമായി പെരുമാറിയവർക്കെതിരെയും നടപടി വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഏഴു കേന്ദ്രമന്ത്രിമാര്‍ വിളിച്ച സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കേന്ദ്രം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ചരിത്രത്തിൽ ഇത്രയും അപമാനകരമായ സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു പിയൂഷ് ഗോയലിന്റെ കുറ്റപ്പെടുത്തൽ. നികുതി ദായകരുടെ പണം പാഴാക്കിയതിന് പ്രതിപക്ഷം രാജ്യത്തോട് മാപ്പ് പറയണമെന്ന് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. പ്രതിപക്ഷവുമായി പലതവണ ചർച്ച നടത്തിയിട്ടും വിട്ടുവീഴ്ചക്ക് തയ്യാറായില്ലെന്നായിരുന്നു പാർലമെന്‍ററി മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിശദീകരണം. വിലക്കയറ്റത്തിലും കൊവിഡിലും കാർഷിക വിഷയത്തിലും ചർച്ചക്ക് സർക്കാർ തയ്യാറായെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻകൂട്ടി തീരുമാനിച്ച ധാരണ പ്രകാരമാണ് പ്രതിപക്ഷം പാർലമെന്റ് നടപടികൾ അലങ്കോലപ്പെടുത്തിയതെന്നാണ് ബിജെപി മന്ത്രിമാരുടെ ആരോപണം.

ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചില ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായും തടസപ്പെടുത്തി. വെറുതേ മുതലക്കണ്ണീര്‍ ഒഴുക്കുന്നതിന് പകരം പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *