0 Comments

ചെന്നൈ: ബഡ്ജറ്റ് സമ്മേളന കാലത്ത് നിയമസഭയില്‍ എത്തുന്ന എംഎല്‍എമാര്‍ വലിയ സമ്മാന പൊതികളുമായി മടങ്ങുന്നത് തമിഴ്നാട് നിയമസഭയിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ അത് അവസാനിപ്പിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ബഡ്ജറ്റ് കാലയളവില്‍ നിയമസഭയിലെ എം.എല്‍.എമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യ ആഡംബര ഭക്ഷണവും സമ്മാനങ്ങളും  എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി.

ബഡ്ജറ്റ് സമ്മേളന കാലഘട്ടത്തില്‍ എം.എല്‍.എമാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിയമസഭയിലെ ജീവനക്കാര്‍ക്കും സൗജന്യമായി ആഡംബര ഭക്ഷണങ്ങളും സമ്മാനങ്ങളും നല്‍കുക തമിഴ്നാട്ടില്‍ പതിവായിരുന്നു. ഇത് ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സൗജന്യങ്ങള്‍ നിര്‍ത്തലാക്കിയത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളായിരുന്നു ഇത്തരത്തില്‍ സമ്മാനങ്ങളും ഭക്ഷണങ്ങളും ഒരുക്കിയിരുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് ആയിരത്തിലധികം പേര്‍ക്കുള്ള ഭക്ഷണം എത്തിക്കുകയായിരുന്നു പതിവ്.

സഭ ചേരുന്ന സമയങ്ങളില്‍ എംഎല്‍എമാര്‍ തങ്ങളുടെ ഭക്ഷണം നിയമസഭ പാന്‍ട്രിയില്‍ നിന്ന് അടക്കം സ്വന്തം നിലയില്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. എംഎല്‍എമാര്‍ക്ക് പുറമേ അവരുടെ ജീവനക്കാര്‍, പൊലീസ്, നിയമസഭ-സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നിവരെല്ലാം അടക്കം ഒരു ദിവസം 1000 പേര്‍ക്കാണ് ഫൈവ് സ്റ്റാര്‍ സൗജന്യ ഭക്ഷണം നല്‍കിയിരുന്നു. വെജിറ്റേറിയനും, നോണ്‍ വെജിറ്റേറിയനും എല്ലാം അടങ്ങുന്ന മുന്‍ നിര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ് പലപ്പോഴും വിളമ്പിയിരുന്നത്.അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി മാത്രം ചിലവഴിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *