0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ മാസത്തോടെ കോവിഡ് 19 മൂന്നാം തരംഗം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരിക്കുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികളിലും രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

രാജ്യത്ത് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളുടെ രോഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ കുറവാണെന്നും ഈ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗവ്യാപന തോത് കൂടിയാല്‍ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമാകും. ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്സി ജനറേറ്ററുകള്‍ തുടങ്ങിയവയുടെയും ആവശ്യകത വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്‌സ്, ആംബുലന്‍സ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *