0 Comments

വാരിയംകുന്നൻ സിനിമ ചെയ്യുമെന്ന തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്ന് സംവിധായകൻ ഒമർ ലുലു. വാരിയം കുന്നന്‍ സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്‍മാറിയതോടെയാണ് സിനിമ ഒരുക്കാമെന്ന് അറിയിച്ച് ഒമര്‍ ലുലു രംഗത്തെത്തിയത്. 15 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറുള്ള നിര്‍മാതാവിനെ തേടി ഒമര്‍ ലുലു ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 15 കോടിയും ബാബു ആന്റണിയും ഉണ്ടെങ്കില്‍ വാരിയം കുന്നന്‍ സിനിമ പുറത്തിറങ്ങുമെന്ന് പോസ്റ്റില്‍ ഒമര്‍ ലുലു കുറിക്കുകയും ചെയ്തു.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്‌

എന്റെ വാരിയംകുന്നന്റെ  പോസ്റ്റ്‌ കണ്ട് ഇക്ബാൽ മാർക്കോണി വിളിച്ച്, വാരിയംകുന്നൻ ഇക്ബാൽക്ക നിർമിക്കാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്‍ക്കോളാൻ പറഞ്ഞു. ആ സന്തോഷത്തിൽ, ദാമോദരൻ മാഷിന്റെ സ്‍ക്രിപ്റ്റിൽ ശശി സാർ സംവിധാനം ചെയ്‍ത ‘1921’ കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു. കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാരിയംകുന്നന്റെ ആവശ്യമില്ല. ദാമോദരൻ മാഷും ശശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലി മുസ്‌ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി ‘1921’ൽ പറഞ്ഞട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.

മലബാര്‍ കലാപം ആസ്പദമാക്കി 1988 ലാണ് ഐവി ശശിയുടെ സംവിധാനത്തില്‍ 1921 എന്ന സിനിമ പുറത്തിറങ്ങിയത്. ടി ദാമോദരനായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയത്. മമ്മൂട്ടി, മധു, സുരേഷ് ഗോപി, മുകേഷ്, സീമ, ഉര്‍വശി തുടങ്ങി മുന്‍നിര താരങ്ങളെല്ലാം സിനിമയില്‍ അണിനിരന്നു. ജനപ്രിയചിത്രത്തിനും കലാമൂല്യമുള്ള ചിത്രത്തിനുമുള്ള അക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം 1921 നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *