0 Comments

ഇന്ദ്രൻസ് നായകനാകുന്ന ചിത്രത്തിൽ അനശ്വര നടൻ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലനായി എത്തുന്നു. പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമായ സ്റ്റേഷൻ 5 -ൽ ആണ് വേറിട്ട കഥാപാത്രമായി ശിവകുമാര്‍ എത്തുന്നത്.

കൃഷ്ണന്‍കുട്ടി നായരെ പോലെ ശിവകുമാറിന്റെയും സിനിമാ പ്രവേശം നാടകരംഗത്ത് നിന്നാണ്‌. അരവിന്ദന്‍ സംവിധാനം ചെയ്ത മാറാട്ടം ആണ് ശിവകുമാറിന്റെ ആദ്യചിത്രം. ഉടോപ്യയിലെ രാജാവ്, ആമി, കൂടെ, ഒറ്റാല്‍, ഒഴിമുറി തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘അച്ഛനാണ് എനിക്കു പ്രചോദനം. എന്നാല്‍ അച്ഛന്റെ മേല്‍വിലാസം പറഞ്ഞ് ഞാന്‍ ഇന്നു വരെ അവസരങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ്  അച്ഛന്‍ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാന്‍ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാന്‍ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷന്‍ 5-ല്‍ വ്യത്യസ്തമായ കഥാപാത്രം നല്‍കിയ പ്രശാന്തിന് നന്ദി.’ ശിവകുമാര്‍ പറഞ്ഞു.

എൺപതുകളിലും തൊണ്ണൂറുകളിലും  മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്‍ണൻകുട്ടി നായർ. ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടകങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്‍ണൻകുട്ടി നായർ അവനവൻ കടമ്പയോടെയാണ് പ്രസിദ്ധനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *