0 Comments

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പ്ലസ് വണ്‍ എഴുത്ത് പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് സുപ്രിം കോടതി സ്റ്റേ ചെയ്തത്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറും ഇല്ലാത്ത കുട്ടികള്‍ പരീക്ഷയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട് . വീടുകളിലിരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കാനാണ് സാധ്യത. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും കോടതി വിധി നിര്‍ണായകമാകും.

Author

dinshadinesh19@gmail.com

Leave a Reply

Your email address will not be published. Required fields are marked *