
തൃശൂര്‍: മയക്കുഗുളിക കൈവശം വെച്ച കേസില്‍ 21കാരന് ഏഴ് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. വില്പനക്കായാണ് മയക്കുഗുളികകൾ യുവാവ് കൈവശം വച്ചത് .പാണഞ്ചേരി വട്ടേക്കല്ല് വൈപ്പിന്‍കാട്ടില്‍ ഹുമയൂണിനെയാണ് (21) തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം.
2019 ഫെബ്രുവരി ഏഴിന് പുലര്‍ച്ച മൂന്നരയോടെ ഹുമയൂണിനെയും കൂട്ടാളിയെയും മണ്ണുത്തി ബൈപാസിലെ മേല്‍പാലത്തിന് സമീപം നിര്‍ത്തിയിട്ട സ്കൂട്ടറില്‍ സംശയ സാഹചര്യത്തില്‍ കണ്ടത്. മണ്ണുത്തി സബ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷിെന്റ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്
പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. ഹൂമയൂണില്നിന്ന് കത്തിയും 150ഓളം നിരോധിത മയക്കുഗുളികയും കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി.