
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേർക്ക്കൂടി കോവിഡ് ബാധിച്ചു. 33,798 േപർ രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ചത്തെക്കാൾ 3.65 ശതമാനം കൂടിയെന്ന് കേന്ദ്ര സർക്കാരിന്റെ കണക്ക്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ റിക്കോർഡ് വാക്സിനേഷൻ നൽകി രാജ്യം കോവിഡ് പോരാട്ടത്തിൽ മുന്നേറിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണം കൂടിയത്.
നിലവിൽ രാജ്യത്ത് 3.40 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് കേരളത്തിലാണ്. 33,798 പേരാണ് 24 മണിക്കൂറിനിടെ രോഗത്തിൽ നിന്നും മുക്തി നേടിയത്. 281 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ ഇന്ത്യ ലോക റെക്കോഡിട്ടു. 2.5 കോടി വാക്സിൻ ഡോസുകളാണ് ഇന്ത്യ ഇന്നലെ വിതരണം ചെയ്തത്. ചൈന ഒരു ദിവസം 2.47 കോടി വാക്സിൻ വിതരണം ചെയ്തതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 26.9 ലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്ത കർണാടകയാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. ബിഹാർ രണ്ടാം സ്ഥാനത്തുമുണ്ട്.