0 Comments

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് വിട്ടുനിന്നു.

ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്.  സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവും ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്‍റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍  നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാൽ ‍ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്ന് സിദ്ദു വാദിച്ചു. തുടര്‍ന്ന്  തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നു.

രാജിവച്ച അമരിന്ദർ സിങ്ങിന്റെ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഛന്നി, ദലിത് സിഖ് വിഭാഗത്തിൽനിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ്. അമരിന്ദറിനെ നീക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടു രംഗത്തുവന്ന മന്ത്രിസംഘത്തിലെ പ്രമുഖനാണ്.

Leave a Reply

Your email address will not be published. Required fields are marked *