
ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിൽ ഗുണ്ടാത്തലവൻ ജിതേന്ദർ മൻ എന്ന ഗോഗിയെ വെടിവച്ചു കൊന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. രാഹുൽ ത്യാഗി, ജഗ്ദീപ് ജഗ്ഗ എന്നീ അക്രമികളെ സഹായിച്ച ഉമങ് യാദവ്, വിനയ് മോട്ട എന്നിവരെ ഡൽഹി പൊലീസിന്റെ പ്രത്യേകം സംഘം പിടികൂടി. സംഘം കോടതിയിലെത്തിയ കാറും പൊലീസ് കണ്ടെത്തി.
തില്ലു ഗ്യാംഗിന്റെ തലവനായ തില്ലു മൻഡോളി ജയിലിനുള്ളിൽനിന്നാണ് ഗോഗിയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു മുമ്പായി തലേദിവസം തന്റെ വീട്ടിൽ പാർട്ടി നടത്തിയിരുന്നതായി ഉമാംഗ് പോലീസിനോടു പറഞ്ഞു. വിനയ് ആണ് കോടതിമുറിക്കുള്ളിൽ കടക്കാൻ സഹായകരമായ തരത്തിൽ കൊലപാതകികൾക്ക് അഭിഭാഷകരുടെ വേഷം ഉൾപ്പെടെ വാങ്ങാൻ ഒപ്പം പോയത്. കൃത്യം നടന്ന ദിവസം ഉച്ചയോടെ തില്ലു ഗ്യാംഗിലെ രണ്ട് ഷാർപ് ഷൂട്ടർമാരെയും ഇവർ ഒരു ഹ്യുണ്ടായ് കാറിൽ കോടതിയിൽ എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കു കോടതിമുറിയിലെ വെടിവയ്പിൽ ഗുണ്ടാനേതാവ് ജിതേന്ദർ ഗോഗിയും രാഹുലും ജഗ്ദീപും കൊല്ലപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു ഉമങ്, വിനയ് എന്നിവരിലേക്കു പൊലീസെത്തിയത്. ഹൈദർപുരിലെ ഉമങ്ങിന്റെ ഫ്ലാറ്റിൽ നിന്നാണു ശനിയാഴ്ച രാത്രി ഇവരെ പൊലീസ് പിടികൂടിയത്.