0 Comments

ന്യൂഡല്‍ഹി: നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് എത്രവരെയാകാമെന്ന് അറിയിക്കണമെന്ന്‌ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജലനിരപ്പ് എത്ര ആയിരിക്കണമെന്ന് കോടതിയില്‍ വാദിച്ച് സമയം കളയാതെ തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ കേരളം തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു.

കേരളവും തമിഴ്നാടും പ്രശ്നങ്ങൾ ച‌ർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് പ്രശ്നത്തിൽ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തിൽ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിർദ്ദേശിച്ചു. കേരളവുമായും മേൽനോട്ടസമിതിയുമായും പ്രശ്നം ചർച്ച ചെയ്യാമെന്ന് തമിഴ്നാടും മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.

കേരളത്തില്‍ പ്രളയം ഉണ്ടായ 2018-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി സുപ്രീം കോടതി നിജപ്പെടുത്തിയിരുന്നു. നിലവില്‍ പ്രളയ സാഹചര്യം ഉള്ളതിനാല്‍ 2018-ന് സമാനമായ രീതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമെന്നും കേരളം കോടതിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *