0 Comments

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിൻ്റെ   ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീംകോടതി  നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എൻ.ഐ.എ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലൻ്റെ ജാമ്യം നിലനിർത്തിയതും. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച്  കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു.

താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിധിയുടെ പൂര്‍ണരൂപം കോടതിയില്‍ വായിച്ചില്ല. ഈ രണ്ട് പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് വായിച്ചത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *