0 Comments

ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസുകാരനാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ പുത്തൻ ചർച്ച , ഇപ്പോള്‍ ഞാന്‍ ഇടതുപക്ഷത്താണെന്ന് മാത്രമേ ചെറിയാന് പറയാന്‍ കഴിയുന്നുള്ളൂ. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ചെറിയാന്‍ സര്‍ക്കാരിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ വളരെയധികം വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോടൊപ്പം വേദിപങ്കിട്ട ചെറിയാന്‍ എടുത്തുചാടി എല്ലൊടിഞ്ഞ അവസ്ഥയിലാണു താനെന്നു തുറന്നുപറയുകയാണ്.

സിപിഎമ്മിനോടുള്ള അകല്‍ച്ച ചെറിയാന്റെ വാക്കുകളില്‍ കാണാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് അവരുടെ പ്രതീക്ഷ. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്യമായി തന്നെ ചെറിയാനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. ഇനി ചെറിയാനുമായി കൂട്ടു വേണ്ടെന്ന് സിപിഎമ്മും തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇടതുപക്ഷത്ത് ചെറിയാന്‍ സ്ഥാനവും ഉണ്ടാകില്ല. എന്നാല്‍ ഇപ്പോഴും ഇടതുപക്ഷത്താണെന്ന് പറഞ്ഞ് സിപിഎമ്മിനെ പിണക്കാതിരിക്കാനും ചെറിയാന്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വാതില്‍ എല്ലാവര്‍ക്കും തുറന്നിടുകയാണ് ചെറിയാന്‍.

ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ തുടര്‍ച്ചയായി ക്ഷണിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ക്ഷണിച്ചതായി അറിയുന്നു. ഔദ്യോഗികമായി ക്ഷണിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യാതെ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചാല്‍ അവരുമായി ചര്‍ച്ച നടത്താന്‍ തയാറാകും. അതേസമയം, ഞാനിപ്പോഴും ഇടതുപക്ഷത്താണ്. ഇടതുപക്ഷത്തു നിന്ന് പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ വിളിച്ചാല്‍ അവരുമായും ചര്‍ച്ച ചെയ്യാന്‍ തയാറാണ്. ആരുമായും ചര്‍ച്ച ചെയ്യാന്‍ തയാറാണ്. അതിനുശേഷമേ തീരുമാനമെടുക്കൂ-ഇതാണ് ചെറിയാനു പറയാനുള്ളത്.

ഞാന്‍ ഇടതുപക്ഷത്തിനെതിരായി ഒരു വാക്കും ഇതുവരെ പറഞ്ഞിട്ടില്ല. അധികാര സ്ഥാനങ്ങളെക്കുറിച്ച്‌ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്ഥാനങ്ങളെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതല്ലാതെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ല. ഇടതുപക്ഷ നേതാക്കള്‍ വിളിച്ചാല്‍ സംസാരിക്കാന്‍ തയാറാണ്. എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ എന്നോടു പറയണം. സേവനം ആവശ്യമില്ലെങ്കില്‍ അതും പറയണം. അങ്ങനെ ഒരു കൂടിയാലോചന സിപിഎം നേതാക്കളുമായി നടന്നിട്ടില്ലെന്നും ചെറിയാന്‍ വിശദീകരിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗിക ക്ഷണം വന്നിട്ടുമില്ല, മറുവശത്ത് പാര്‍ട്ടി അംഗമല്ലെങ്കിലും എന്നെ ഉപേക്ഷിച്ചതായി സിപിഎം പറഞ്ഞിട്ടുമില്ല. എന്റെ നിലപാട് രണ്ടു കൂട്ടരുമായുമുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലേ തീരുമാനിക്കൂ എന്നതാണ്. രണ്ടുപേര്‍ക്കും പറയാനുള്ളതു കേള്‍ക്കണമല്ലോ. തീരുമാനമെടുക്കേണ്ടതു ഞാനാണ്-ചെറിയാന്‍ പറയുന്നു. രാജ്യസഭാ സീറ്റ് നിഷേധിച്ചതാണ് ഇടതുപക്ഷവുമായുള്ള അകല്‍ച്ചയുടെ കാരണമെന്ന പ്രചരണത്തില്‍ വസ്തുതയില്ല. രാജ്യസഭയിലേക്കു പരിഗണിക്കുന്നു എന്നു പറഞ്ഞതു ഞാനല്ല, മാധ്യമങ്ങളാണ്. ഞാന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ല-ചെറിയാന്‍ പറയുന്നു.

എന്നെ വിളിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിര്‍ദേശങ്ങള്‍ കേള്‍ക്കും. തീരുമാനം എടുക്കാനുള്ള അവകാശം എനിക്കാണ്. രണ്ടു പാര്‍ട്ടിയുമായും സ്വതന്ത്രമായി സഹകരിക്കാനും കഴിയും. ഞാന്‍ ഇതുവരെ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് എടുത്തു ചാടുകയാണ് ചെയ്തത്. എടുത്തു ചാടിയതുകൊണ്ട് എല്ലൊടിഞ്ഞു. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിശദീകരിക്കേണ്ടതില്ലെന്നും ചെറിയാന്‍ പറയുന്നു.

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി എന്നോടു കുറ്റസമ്മതം നടത്തിയപ്പോള്‍ ഞാന്‍ അതിനോട് പ്രതികരിക്കുകയാണ് ചെയ്തത്. ഉമ്മന്‍ ചാണ്ടിക്കു തെറ്റുപറ്റിയെന്നു പറഞ്ഞപ്പോള്‍ മത്സരിച്ചതു തെറ്റായെന്നു എനിക്കും തോന്നി. ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍ ഞാനും പറഞ്ഞു. 20 വര്‍ഷമായി ഉമ്മന്‍ ചാണ്ടി ഇതു പറഞ്ഞിട്ടില്ലല്ലോ-ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Video Link

https://youtu.be/b5qvv4w0Vrc

Leave a Reply

Your email address will not be published. Required fields are marked *