0 Comments

ബം​ഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി  ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കൊണ്ട് കഴിഞ്ഞ ദിവസം നടപടിക്രമം പൂർത്തിയായിരുന്നില്ല.  അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം ഉൾപ്പടെയാണ് ഉപാധികൾ. കർശന കോടതി നിബന്ധനകൾ കണക്കിലെടുത്തു ജാമ്യം നിൽക്കാമെന്ന് ആദ്യം ഏറ്റവർ പിൻമാറിയിരുന്നു .

ജാമ്യവ്യവസ്ഥയിലുള്ള എതിർപ്പാണ് കർണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറാൻ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാൻ ഒരു ദിവസം ബാക്കി നിൽക്കെ ആയിരുന്നു ജാമ്യം. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂർണമായും ആശ്വസിക്കാനായിട്ടില്ല. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *