0 Comments

തിരുവനന്തപുരം : ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പായി ബന്ധപ്പെട്ട വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലളിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വകുപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങളും, വിവിധ വകുപ്പുകള്‍ കൂടിചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ളും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി മണ്ഡല മകരവിളക്ക് കാലത്തിനു മുന്‍പായി പൂര്‍ത്തീകരിക്കണം. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനില്‍ക്കുന്നതിനാലാണ് ഇത്തവണയും ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി ക്രമീകരിച്ചിരിക്കുന്നത്. 25,000 പേര്‍ ദിവസേന വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തും. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അനുമതി നല്‍കിയിട്ടുള്ളതില്‍ പത്തു ലക്ഷത്തിലധികം പേര്‍ ഇതു വരെ ബുക്ക് ചെയ്തു കഴിഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ആവശ്യമായ നിയന്ത്രണം പാലിച്ചില്ലായെങ്കില്‍ വരാന്‍ പോകുന്ന ദുരന്തം വളരെ വലുതായിരിക്കും.

സാമ്പത്തിക പ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവരുത്. സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സാധ്യമായ ഫണ്ടുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 185 കോടി രൂപയുടെ സഹായമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഇതര സംസ്ഥാനത്തു നിന്നു വരുന്ന ഭക്തര്‍ക്കായി ഏഴ് ഇടത്താവളങ്ങള്‍ സ്ഥാപിക്കും. ഇവ 150 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ തീര്‍ഥാടന കാലത്ത് 470 കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ 140 ബസുകള്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസ് നടത്തും. 100 ഓര്‍ഡിനറി ബസുകളും 40 എസി ബസുകളുമാണ് സര്‍വീസ് നടത്തുക.

നിലയ്ക്കലില്‍ ആരോഗ്യ വകുപ്പ് കോവിഡ് ടെസ്റ്റ് കേന്ദ്രം സ്ഥാപിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശബരിമല ആശുപത്രികള്‍ പ്രവര്‍ത്തിക്കും. അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്ഥാപിക്കും. പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ തീര്‍ഥാടകര്‍ക്ക് തടസം സൃഷ്ടിക്കാത്ത രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തീര്‍ഥാടന കാലത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. ദക്ഷിണേന്ത്യയിലെ ചീഫ് സെക്രട്ടറിമാരുമായും ദേവസ്വം മന്ത്രിമാരുമായും ചര്‍ച്ച നടത്തി സംസ്ഥാനം എങ്ങനെയാണ് മണ്ഡലകാലത്ത് പ്രവര്‍ത്തിക്കുക എന്ന് ബോധ്യപ്പെടുത്തും. ദുരന്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സിനെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്. രവി, പി.എം. തങ്കപ്പന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, കോട്ടയം ജില്ലാ പോലീസ് മേധാവി ശില്‍പ, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ദേവസ്വംബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ജി.കൃഷ്ണകുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍, അഡീഷണല്‍ സെക്രട്ടറി (റവന്യൂ) ടി.ആര്‍. ജയപാല്‍, നഗരസഭാ ചെയര്‍പേഴ്സണ്‍മാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *