0 Comments

ബംഗളുരു: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രശസ്​ത കന്നഡ സിനിമ താരം പുനീത്​ രാജ്​കുമാർ ഇനി ഓർമ. പിതാവും ഇതിഹാസ താരവുമായ രാജ്‌കുമാറിനരികെ​ കണ്​ഠീരവ സ്റ്റുഡിയോയിലാണ്​ പുനീതിന്​ അന്ത്യ വിശ്രമം ഒരുക്കിയത്​. പുലർച്ചെ നാലു മണിക്ക് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. തുടർന്നു വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി.

7.30ന് ആണു സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. അമേരിക്കയിലുള്ള മകൾ ശനിയാഴ്ച രാത്രിയോടെയാണ് ബെംഗളൂരുവിൽ എത്തിയത്. പുനീതിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആരാധകരെല്ലാം എത്തുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്ന സർക്കാരിന്റെ അഭ്യർഥന കണക്കിലെടുത്താണ് കുടുംബം സംസ്കാര ചടങ്ങുകൾ പുലർച്ചെ മാറ്റിയത്.

വ്യായാമം ചെയ്യുന്നതിനി​ടെ ഹൃദയാഘാതം വന്നായിരുന്നു​​ കന്നഡ സിനിമയിലെ മിന്നും താരമായ പുനീതിന്‍റെ മരണം​. 46 വയസ്സായിരുന്നു. അടുത്ത ബന്ധുക്കൾക്ക്​ പുറമെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, സാൻഡൽവുഡിലെ പ്രമുഖ താരങ്ങൾ എന്നിവർ സംസ്​കാര ചടങ്ങിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *