0 Comments

ദുബൈ: എക്‌സ്‌പോ 2020 ദുബൈ ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020 കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്‌കോനൈഡ് മാക് ഗിയാച്ചിൻ അറിയിച്ചു. ആകെ സന്ദർശകരിൽ 17 ശതമാനം പേരും രാജ്യത്തിന് പുറത്തുനിന്ന് എത്തിയവരാണ്.

18 വയസ്സില്‍ താഴെയുള്ളവരായിരുന്നു 28 ശതമാനവും. എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജര്‍മ്മനി, ഫ്രാന്‍സ്, സൗദി അറേബ്യ,യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലായും സന്ദര്‍ശകരെത്തിയത്. സന്ദർശകരിൽ 53 ശതമാനം പേർ സീസൺ പാസ് കൈവശമുള്ളവരാണ്. 23 ശതമാനത്തിലേറെ പേർ മൾട്ടി ഡേ പാസും 20 ശതമാനം പേർ ദിവസേനയുള്ള പാസുമായി വരുന്നവരുമാണ്. ഇതുവരെ 6,95,437 എക്സ്‌പോ പാസ്പോർട്ട് സുവനീറുകൾ വിറ്റുകഴിഞ്ഞു.

ഇന്ത്യന്‍ പവലിയനില്‍ 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ മൂന്ന് ആഴ്ചക്കിടെ ഒരു ലക്ഷം സന്ദര്‍ശകരെത്തിയതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *