0 Comments

കുറവിലങ്ങാട് പള്ളിയില്‍ വെച്ച്‌ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തത്. ഇമാം കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇമാം കൗണ്‍സിലിന് വേണ്ടി അബ്ദുല്‍ അസീസ് മൗലവി അഡ്വ. കെ എന്‍ പ്രശാന്ത്, അഡ്വ. സി പി അജ്മല്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്.നേരത്തേ കുറവിലങ്ങാട് പൊലീസില്‍ പാലാ ബിഷപ്പിനെതിരെ പലരും പരാതികള്‍ നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. പല കോണില്‍ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങളും നിരവധി കോണില്‍ നിന്നുയര്‍ന്നിരുന്നു.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24നാണ് ഓള്‍ ഇന്ത്യാ ഇമാം കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ കാര്യമായി നടപടിയെടുത്തിരുന്നില്ല.

തുടര്‍ന്ന് കൗണ്‍സില്‍ പാലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.ലൗ ജിഹാദിന് പിന്നാലെ പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് ആരോപണം രാഷ്ടീയത്തിലും പൊതു മണ്ഡലത്തിലുമുണ്ടാക്കിയ അലയൊലികള്‍ വലുതായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ വിമര്‍ശനമാണുന്നയിച്ചത്.

കേസില്‍ നിയമനടപടികളുടമായി മുന്നോട്ട് പോകാനാണ് ഇമാം കൗണ്‍സിലിന്റെ തീരുമാനം. അതേസമയം കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നാണ് പാലാ ബിഷപ്പ് ഹൗസ് അറിയിച്ചിരിക്കുന്നത്.

Video Link

https://youtu.be/Po3MjmZ_eCg

Leave a Reply

Your email address will not be published. Required fields are marked *