0 Comments

കാരായി രാജനും കാരായിചന്ദ്രശേഖരനും തിരികെ എത്തുകയാണ് , സൈദാര്‍പള്ളിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ ജാമ്യ വ്യവസ്ഥയിലെ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സിപി എം നേതാക്കളായ ഇരുവർക്കും വെള്ളിയാഴ്ച തലശേരിയില്‍ വാൻ വരവേല്‍പ്പ് നല്‍കും. തലശേരി റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് സിപ എം ഏരിയാ കമ്മിറ്റിയുടെ സ്വീകരണം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തലശേരിയില്‍നിന്ന് ജന്മദേശങ്ങളായ കതിരൂര്‍ സി എച്ച്‌ നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.

ഫസല്‍ കേസില്‍ ഗുഢാലോചനാ കുറ്റം ചുമത്തപ്പെട്ട് 2012 ജൂണ്‍ 22നാണ് എറണാകുളം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായത്. ഒന്നരവര്‍ഷം ജയിലിലും ജാമ്യവ്യവസ്ഥ പ്രകാരം എട്ട് വര്‍ഷത്തോളം എറണാകുളം ഇരുമ്ബനത്തുമായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ജാമ്യവ്യസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം. നീണ്ട കാത്തിരിപ്പിനൊടുവില്‍ നേതാക്കള്‍ തിരിച്ചെത്തുന്നതിലെ ആവേശത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍.

സി.പി. എം തലശേരി ഏരിയാ സമ്മേളനത്തിലും കണ്ണൂര്‍ ജില്ലാസമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്നു കാരായി ചന്ദ്രശേഖരന്റെതാണ്. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റംഗമായ കാരായി രാജന്‍ ഇത്തവണ എര്‍ണാകുളത്ത് നടക്കുന്ന സംസ്ഥാന ഇസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.ഫസല്‍ വധക്കേസില്‍ ഇരു നേതാക്കളും ഗൂഢാലോചന കേസില്‍ അറസ്റ്റിലായത് സി.പി. എം നേതൃത്വത്തിനെ സംബന്ധിച്ചു വലിയ ക്ഷീണം ചെയ്തിരുന്നു.

സി.പി. എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ചു കൊച്ചി സി.ബി. ഐ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും വരെ നടത്തിയിരുന്നു. മറ്റൊരു കേസില്‍ പിടിയിലായ ചെമ്ബ്ര സുബീഷെന്ന കുപ്പി സുബീഷിന്റെ മൊഴിയെ അടിസ്ഥാനമാക്കി ആര്‍. എസ്. എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്നു പൊലിസിന്റെ സഹായത്തോടെ സി.പി. എം വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതുകൂടി നടന്നാല്‍ ഇരു നേതാക്കളും കേസില്‍ നിന്നും പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സി.പി. എം നേതൃത്വം. തലശേരി താലൂക്കില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി.പി. എമ്മിന്റെ പ്രധാന നേതാക്കളെ സി.ബി. ഐ അറസ്റ്റു ചെയ്തു കൊണ്ടുപോയത് സി.പി. എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിനു ശേഷം തലശേരി മേഖലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വലിയൊരു അളവില്‍ കുറയുകയും നേതൃത്വത്തിനെതിരെ നിയമത്തിന്റെ കരങ്ങള്‍ നീണ്ടതോടെ സംഘര്‍ഷങ്ങള്‍ ക്രമേണെ ഇല്ലാതാവുകയുമായിരുന്നു.

Video Link

https://youtu.be/YuRtu-yjn20

Leave a Reply

Your email address will not be published. Required fields are marked *