0 Comments

തല മാറിയാലും അടി തീരുന്നില്ല കോൺഗ്രസിൽ. പുനഃസംഘടനയുമായി മുന്നോട്ടു പോകാനുള്ള സുധാകരന്റെ തീരുമാനത്തിനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കും.

കെപിസിസി യോഗത്തിനു ശേഷമുള്ള കെ.സുധാകരന്റെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളിലും ഗ്രൂപ്പുകള്‍ വ്രണിതരാണ്. പാര്‍ട്ടി യോഗങ്ങളില്‍ തന്നെയാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടില്ല. കടലു കണ്ട തനിക്കു തോട് വലിയ പ്രശ്‌നമല്ല. തന്നെ മാത്രം ആക്രമിക്കുന്നതു ജാതക ഫലമായിരിക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

കെപിസിസിയുടെ സമ്ബൂര്‍ണ നേതൃയോഗത്തില്‍ പുനഃസംഘടന സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിനു വിടാന്‍ തീരുമാനിച്ച ശേഷം തൊട്ടടുത്ത ദിവസം അതുമായി മുന്നോട്ടു പോകുമെന്നു നിര്‍വാഹകസമിതിയില്‍ സുധാകരന്‍ പ്രഖ്യാപിച്ചതിന്റെ അനൗചിത്യം ഗ്രൂപ്പുകളെ ആശങ്കയിലാക്കുന്നു. സുധാകരന്‍ മത്സരിക്കുമെന്ന പരസ്യസൂചനകള്‍ നല്‍കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പുനഃസംഘടന നിഷ്പക്ഷമാകില്ലെന്നും ഗ്രൂപ്പുകള്‍ വാദിക്കുന്നു.

സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് എഐസിസി നേതൃത്വമായതിനാല്‍, കേരളത്തിലെ പുനഃസംഘടന നിര്‍ത്തി വയ്ക്കണമെങ്കിലും അവിടെ നിന്നു നിര്‍ദ്ദേശിക്കണമെന്നു സുധാകരന്‍ പറയുന്നു. പുനഃസംഘടനയ്ക്ക് എഐസിസിയുടെ പച്ചക്കൊടിയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരത്തിലൂടെ നേതൃ സ്ഥാനത്തെത്താന്‍ കഴിയുമെങ്കില്‍ മത്സരിക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. ആരെങ്കിലുമൊക്കെ മത്സരിച്ചു നേതൃ സ്ഥാനത്തെത്താനാണല്ലോ തിരഞ്ഞെടുപ്പ്. കെപിസിസി പ്രസിഡന്റ് മത്സര സന്നദ്ധത പ്രഖ്യാപിച്ചതു വിമര്‍ശനത്തിന് ഇടയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പു നടത്തുന്നതു കെപിസിസി അല്ലല്ലോയെന്നു സുധാകരന്‍ പ്രതികരിച്ചു.

അതുകൊണ്ട് തന്നെ ഗ്രൂപ്പുകളുടെ സമീപനത്തോടു യോജിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സുധാകര നേതൃത്വം. പുനഃസംഘടനയും യൂണിറ്റ് കമ്മിറ്റി രൂപീകരണവും നിര്‍ത്തിവയ്ക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. നിലവില്‍ അംഗത്വവിതരണം വന്‍വിജയമാക്കാനാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനും താഴെത്തട്ടില്‍ ആവശ്യമായ പുനഃക്രമീകരണം നടത്തിയാലേ പറ്റൂ. ജംബോ കമ്മിറ്റികളെ ഇല്ലാതാക്കും. എന്നാല്‍ തിരഞ്ഞെടുപ്പിലൂടെ മാത്രം ജംബോ കമ്മിറ്റികള്‍ മാറ്റിയാല്‍ മതിയെന്ന നിലപാടില്‍ ഗ്രൂപ്പുകളും.

സംഘടനാതിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ ആയെങ്കിലും പുനഃസംഘടനാ പ്രക്രിയ അരുതെന്ന് ഹൈക്കമാണ്ട് പറഞ്ഞിട്ടില്ല. കെപിസിസി സെക്രട്ടറിമാരുടെ നിയമനത്തിന് ഗ്രൂപ്പുകള്‍ എതിരല്ല. എന്നാല്‍, ഇതു സംബന്ധിച്ചു ഗ്രൂപ്പുകളുടെ അഭിപ്രായം ചോദിച്ചിട്ടില്ല. കെപിസിസി തലത്തില്‍ തന്നെ അഴിച്ചുപണി നീളുമ്ബോള്‍ താഴേക്ക് അതിലും നീണ്ടു പോകും. അതോടെ അംഗത്വവിതരണത്തിന്റെ ഘട്ടം കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ സമയമാകില്ലേ എന്നും അവര്‍ ചോദിക്കുന്നു.

അതിനിടെ ചില സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാനാണ് കെ സുധാകരന്റെ പദ്ധതി. കൂടുതല്‍ പേരെ തന്നോട് അടുപ്പിക്കുകയാണ് ലക്ഷ്യം. ജില്ലകളില്‍ വികസന സമിതി രൂപീകരിച്ചു ജനപ്രതിനിധികള്‍ക്കു വികസന അജന്‍ഡ കൈമാറാനാണ് തീരുമാനം. പാര്‍ട്ടിയുടെ വിവിധ സെല്ലുകള്‍ ജില്ലാതലം വരെയായി പരിമിതപ്പെടുത്തി. അതിനു താഴേക്കു പോകുന്നതു സംഘടനാ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍

നേതാക്കള്‍ക്കു നല്‍കി വരുന്ന പഠന ക്ലാസ് മണ്ഡലംതല ഭാരവാഹികള്‍ക്കു കൂടി ലഭ്യമാക്കും. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കും സമൂഹ മാധ്യമങ്ങള്‍ വഴി നേതാക്കളെ അധിക്ഷേപിക്കുന്നവര്‍ക്കുമെതിരെ നടപടിയുണ്ടാകും. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തെ പാര്‍ട്ടിയില്‍ ചിലര്‍ വിമര്‍ശിക്കുന്നതു കുരുടന്‍ ആനയെ കണ്ടതു പോലെയാണ്. ഈ സംവിധാനം മനസ്സിലാക്കിയ കര്‍ണാടകയിലെയും ആന്ധ്രയിലെയും പാര്‍ട്ടി നേതൃത്വം ഇതേക്കുറിച്ചു പഠിക്കാന്‍ കേരളത്തിലെത്തുന്നുണ്ട്‌സുധാകരന്‍ പറഞ്ഞു. നവംബര്‍ 19 ന് ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടി നടക്കും..

Video Link

https://youtu.be/zQxp80usLtA

Leave a Reply

Your email address will not be published. Required fields are marked *