0 Comments

പരിസ്ഥിതി സംരക്ഷിക്കുന്നതിന്  പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥിന്റെ  അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്ന അവസരമാണ്. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയിൽ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി വിശദമായി തന്നെ ഗവേഷകർ നടത്തുന്ന കണ്ടെത്തലുകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്.

ആഗോളതാപനില ഉയരുന്നതിന്റെ തോത് വർദ്ധിക്കുന്നതായി ആഗസ്റ്റ് 9, 2021 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പരാമാർശമുണ്ട്. പ്രസ്തുത റിപ്പോർട്ടിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തി യു.എസ്.എ യിലെ നാസ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ   ചില ശാസ്ത്രജ്ഞർ കേരളത്തിലെ തീരദേശ ജില്ലകളുടെ  ചില ഭാഗങ്ങൾ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇതാണ് ദേശീയ മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്തത്.
2011 – 2020 കാലഘട്ടത്തിൽ ഇത് 1850 – 1900 കാലഘട്ടത്തേക്കാൾ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കടലിലെ താപനില 0.88 ഡിഗ്രിയും കരയിലെ താപനില 1.95 ഡിഗ്രിയുമാണ് കൂടിയിട്ടുള്ളത്. ഇതിന്റെ ഗൗരവം എല്ലാ സർക്കാരുകളും ഉൾക്കൊള്ളണം. വളരെ ഗൗരവത്തോടെയാണ് ഇതിനെ കേരള സർക്കാർ സമീപിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും.

കേരളത്തിന്റെ വികസനപരിപ്രേഷ്യം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രധാനം. സാമ്പത്തികവളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സർക്കാരിനുള്ളത്. വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണത്തെ പ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഒരു ധവളപത്രം എൽ ഡി എഫ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്നത്തെ ഗൗരവമായി കാണുകയും തുടർന്ന് ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന പ്രശ്നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

കേരളം സമയബന്ധിതമായി  ഗ്രീൻഹൗസ് ഗ്യാസുകളുടെ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
ഓരോ മേഖലയിലും ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിന്റെ കണക്ക് ചർച്ചക്കായുള്ള രേഖയിൽ ഉൾപ്പെടുത്തി ലക്ഷ്യം എങ്ങനെ നിറവേറ്റാമെന്നാണ് സർക്കാർ പരിഗണിക്കുന്നത്. ഇത് നടപ്പിൽ വരുത്താനായി പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയിൽ ഊർജ്ജ – തദ്ദേശസ്വയംഭരണ, വനം – ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ ചുമതലുള്ള സെക്രട്ടറിമാരും അംഗങ്ങളാണ്. സമയബന്ധിതമായി സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കുകയാണ് സമിതിയുടെ ദൗത്യം. ഇതിന്റെ ആദ്യ യോഗം നവംബർ 19 ന് ചേരും.

ഇതിനു പുറമെ ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിർമ്മിതിക്കുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം,  ജലവിഭവം,  തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *