0 Comments

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണം ഉന്നയിച്ച്​ തമിഴ്നാട്. സുപ്രീംകോടതിയിലാണ്​ തമിഴ്​നാട്​ നിലപാടറിയിച്ചത്​.  മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം നിരന്തരം തടസ്സം നിൽക്കുകയാണെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. മേൽനോട്ടസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നൽകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ ആരോപിക്കുന്നു.

മുല്ലപ്പെരിയാര്‍ കേസ് ശനിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച രാത്രി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്​. കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടിയായാണ് തമിഴ്‌നാടിന്‍റെ പുതിയ സത്യവാങ്മൂലം. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇതിനടുത്തുള്ള 15 മരങ്ങൾ മുറിയ്ക്കാൻ ആദ്യം അനുമതി നൽകിയ കേരളം പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. റദ്ദാക്കിയ വിവരം തങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയെന്നും കേരളം നൽകിയ സത്യവാങ്മൂലത്തിന് തമിഴ്നാട് സുപ്രീംകോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോർട്ടുകളുടെ പകർപ്പും തമിഴ്നാട് സുപ്രീംകോടതിയിൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *