0 Comments

തിരുവനന്തപുരം: രാത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താമെന്ന കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും കേരളത്തിൽ അത് നടപ്പിലാക്കാൻ നിലവിൽ സൗകര്യങ്ങളില്ല. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങള്‍. ഇതേകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയില്‍ സമാനമായ കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയുമാണ്.

രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് നിലവില്‍ പോസ്റ്റ്‌മോർട്ടത്തിന് അനുമതിയുളളത്. വൈകിട്ട് പരമാവധി നാലര വരെ എത്തിക്കുന്ന മൃതദേഹങ്ങൾ മാത്രമെ പോസ്റ്റ്‌മോർട്ടം നടത്തുകയുള്ളു. ഉത്തരവ് നടപ്പാക്കിയാല്‍ അപകട മരണങ്ങളിലാണ് പ്രയോജനം ലഭിക്കുക.

ആത്മഹത്യ, കൊലപാതകം, ബലാത്സംഗത്തെത്തുടര്‍ന്നുള്ള മരണം, അഴുകിയ മൃതദേഹങ്ങള്‍, സംശയമുള്ള മറ്റു മരണങ്ങള്‍ എന്നിവയില്‍ രാത്രി പോസ്റ്റ്‌മോർട്ടം പാടില്ലെന്നാണ് പുതിയ നിര്‍ദേശത്തിലുമുള്ളത്. കൂടുതല്‍ പേര്‍ മരണപ്പെടുന്ന ദുരന്തങ്ങളിലോ അവയവദാനം നടത്തുന്ന വ്യക്തിയുടെ കാര്യത്തിലോ നിലവില്‍ ഇളവുണ്ട്.

സമയം ദീര്‍ഘിപ്പിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാന ആരോഗ്യവകുപ്പ് രാത്രിയിലും പോസ്റ്റ്‌മോർട്ടം അനുവദിച്ച് ഉത്തരവിറക്കി. എന്നാല്‍ ഭൗതിക സാഹചര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കോ ലീഗല്‍ സൊസൈറ്റി നൽകിയ ഹര്‍ജിയില്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനുബന്ധ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ സമയം ദീര്‍ഘിപ്പിക്കുന്നത് അനുകൂലിക്കുമെന്ന് ഫൊറന്‍സിക് സര്‍ജന്മാരുടെ സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *