0 Comments

ദുബായ്: ഏറ്റവും മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്ക് ദുബായ് അഞ്ച് വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ നൽകിത്തുടങ്ങി. ദുബായ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്കാണ് തുടക്കത്തിൽ അഞ്ച് വർഷത്തെ വിസ നൽകുന്നതെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതുതായി ആവിഷ്കരിച്ച അഞ്ച് വർഷത്തെ വിസ നേടുന്നവർക്ക് ഒരു സന്ദർശനത്തിൽ ആറുമാസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം.

ലോകത്ത് ജോലിചെയ്യാനും ജീവിക്കാനുമുള്ള ഏറ്റവുംനല്ല നഗരമായി ദുബായിയെ മാറ്റാനുള്ള ശ്രമങ്ങളുടെഭാഗമാണ് പുതിയനയമെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുകയും ഓരോ വർഷവും നടക്കുന്ന കോൺഫറൻസുകൾ, യോഗങ്ങൾ, എക്സിബിഷനുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള യാത്ര എളുപ്പമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പലതവണ വന്നുപോകാവുന്ന വിധമുള്ള അഞ്ച് വർഷത്തെ വിസയ്ക്ക് കഴിഞ്ഞവർഷം ജനുവരിയിലാണ് യു.എ.ഇ. മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. യു.എ.ഇ.യിൽ വിനോദസഞ്ചാരം, വ്യാപാരം എന്നിവ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ ഏർപ്പെടുത്തിയത്. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് പൊതുവെ വലിയ സ്വീകരണമാണ് പ്രവാസലോകത്തുനിന്നുമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *