0 Comments

കൊച്ചി: കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്റൂര്‍ ആദ്യമായി  മലയാളത്തിലെത്തുന്ന മഡ്‌ഡിയുടെ ട്രെയിലർ നവംബർ 30 ബുധനാഴ്ച പുറത്തിറക്കും. സോഷ്യൽ മീഡിയയിലൂടെയാകും ട്രെയ്ലർ പ്രേക്ഷകരിലേക്കെത്തുക. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്‌ നിർവഹിച്ചിരിക്കുന്നുഎന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 4×4 മഡ്റേസ് സിനിമയായ ‘മഡ്ഡി’ ഈ വരുന്ന ഡിസംബര്‍ 10ന് ലോകമെമ്പാടും 1500ലധികം തീയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തും. ലോകസിനിമകളിൽ പോലും അപ്പൂർവമായി മാത്രം കാണപ്പെടുന്ന  മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

നവാഗതനായ ഡോ. പ്രഗഭലാണ് സിനിമയുടെ സംവിധായകന്‍. ചിത്രീകരണത്തിനുൾപ്പെടെ അഞ്ച് വർഷത്തിലധികം ചിലവിട്ടാണ്  പ്രഗഭൽ മഡ്‌ഡി പൂർത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

വിജയ് സേതുപതിയും, ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയ മഡ്‌ഡിയുടെ മോഷൻ പോസ്റ്റർ കൈനീട്ടി സ്വീകരിച്ചത് മൂന്നര ദശലക്ഷത്തോളം സിനിമ പ്രേമികളാണ്.

ഈ ചിത്രത്തിന്റെ ടീസര്‍ ഹോളിവുഡ് നടൻ അർജുൻ കപൂർ, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, സിജു വില്‍സണ്‍, അമിത് ചക്കാലക്കല്‍ എന്നീ താരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയിൽ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ടീസര്‍ 16ദശലക്ഷത്തിലധികം വ്യൂസ് നേടി ജനഹൃദയം കീഴടക്കി. കോവിഡ് വ്യാപനത്തോടെ പ്രദർശനം നീണ്ടു പോയ തികച്ചും വ്യത്യസ്തമായ ഈ ചിത്രത്തിനായ് സിനിമ പ്രേമികൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

“ആവേശം നിറഞ്ഞ അതിസാഹസിക രംഗങ്ങളും, ത്രസിപ്പിക്കുന്ന വിഷ്വൽ -ഓഡിയോ അനുഭവവുമൊക്കെ അതിന്റെ ഭംഗി ചോരാതെ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കുന്നതിനായി 100 ശതമാനം ശ്രദ്ധപുലർത്തിയിട്ടുണ്ട്. മികച്ച ഒരു ആക്ഷൻ ത്രില്ലർ എന്നതിനോടൊപ്പം മഡ്‌ഡി കുടുംബ സദസുകൾക്കുകൂടി പ്രിയങ്കരമാകുമെന്നുറപ്പാണ്.”ചിത്രത്തിന്റെ സംവിധായകൻ ഡോ പ്രഗഭൽ വ്യക്തമാക്കി.

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവന്‍ കൃഷ്ണ, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

Leave a Reply

Your email address will not be published. Required fields are marked *