
പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന്റെ വ്യോമാതിർത്തിക്ക് സമീപം റഷ്യയുടെയും ചൈനയുടെയും ജെറ്റ് വിമാനങ്ങൾ കണ്ടെത്തി. സംഭവത്തെ അപലപിച്ച് ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവൊ കിഷി രംഗത്തെത്തി. ക്വാഡ് രാഷ്ട്രങ്ങളായ ഇന്ത്യ,യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിടെ രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് ചൈനയുടെയും റഷ്യയുടെയും പ്രകോപനപരമായ വിമാനം പറത്തൽ.
രണ്ട് ചൈനീസ് ബോംബറുകളും രണ്ട് റഷ്യൻ ബോംബറുകളുമാണ് ജപ്പാനുമുകളിലൂടെ പറന്ന് കിഴക്കൻ ചൈനകടലിലേക്ക് പറന്നുനീങ്ങിയതെന്നും മറ്റു രണ്ട് ചൈനീസ് മിസൈൻ ബോംബറുകൾ ഒരുമിച്ച് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയെന്നും കിഷി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ റഷ്യയുടെ ഒരു രഹസ്യാന്വേഷണ വിമാനം ജപ്പാന്റെ വ്യോമാതിർത്തിയിൽ പ്രത്യക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നവംബർ മുതൽ നാലാമത്തെ തവണയാണ് റഷ്യയും ചൈനയും ജപ്പാന്റെ വ്യോമാതിർത്തിക്കു സമീപത്തായി വിമാനങ്ങൾ പറത്തുന്നത്.
എന്നാൽ, റഷ്യയുടെ അതിർത്തിക്കുള്ളിൽ വിമാനം പ്രവേശിച്ചിട്ടില്ല എന്നാണ് റഷ്യയും ചൈനയും വ്യക്തമാക്കുന്നത്. നിലവിലെ നിബന്ധനകൾക്ക് വെല്ലുവിളിയുയർത്തും വിധമുള്ള നടപടികൾക്കെതിരെ
ക്വാഡ് രാഷ്ട്രത്തലവന്മാർ മുന്നറിയിപ്പ് നൽകുകയും ഇതിനെ ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും എതിരെയുള്ള പരോക്ഷമായ മുന്നറിയിപ്പുകൂടിയായി കണക്കാക്കുന്നു. വ്യോമ പെട്രോളിങ്ങിനെതിരെ നയതന്ത്ര സന്ദേശമയച്ചിട്ടും അത് അവഗണിക്കുന്നതും ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുടെ പക്ഷം ചേർന്ന് ചൈന നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളും ആശങ്ക ജനിപ്പിക്കുന്നതാണെന്ന് കിഷി പറഞ്ഞു.