
ശ്രീനഗർ: കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ടിവി ആർട്ടിസ്റ്റ് കൊല്ലപ്പെട്ടു. കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ടിവി ആർട്ടിസ്റ്റും ഗായികയുമായ അമ്രീൻ ഭട്ടാണ് (35) കൊല്ലപ്പെട്ടത് . ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ നടന്ന ആക്രമണത്തിൽ ഗായികയുടെ 10 വയസുള്ള അനന്തരവനും പരിക്കേറ്റു.
നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്രീനിന്റെ വീട്ടിൽ വെച്ചാണ് ഇരുവർക്കും ഭീകരരുടെ വെടിയേറ്റത്.കഴുത്തിന് പരിക്കേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തരവനായ 10 വയസുകാരന് കൈക്കാണ് വെടിയേറ്റത്. കുട്ടിയെയും ആശുപത്രിയിൽ പ്രവേശിച്ചതായി ജമ്മുകാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.