0 Comments

മാംഗളൂരു: മാംഗളൂരില്‍ 3800 കോടി രൂപയുടെ യന്ത്രവല്‍ക്കരണ, വ്യവസായവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.  ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ന് വളരെയധികം വിലമതിക്കുന്നതും ഓര്‍ത്തുവയ്‌ക്കേണ്ടതുമായ ഒരു ദിനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത് പ്രാദേശിക സുരക്ഷയോ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് രാവിലെ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്ത കാര്യം അനുസ്മരിച്ചുകൊണ്ട്, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ഈ പദ്ധതികള്‍ കര്‍ണാടകയിലെ ജീവിതം സുഗമമാക്കലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും പ്രത്യേകിച്ച് ‘ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി’ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണി ലഭ്യത സുഗമമാക്കുമെന്നും ഉദ്ഘാടനം ചെയ്തതോ തറക്കല്ലിട്ടതോ ആയ പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താന്‍ ചുവപ്പുകോട്ടയില്‍ നിന്ന് സംസാരിച്ച അഞ്ച് പ്രതിജ്ഞകളെ (പഞ്ചപ്രാൺ ) പരാമര്‍ശിച്ചുകൊണ്ട് അതില്‍ ആദ്യത്തേത് വികസിത ഇന്ത്യയുടെ സൃഷ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഉല്‍പ്പാദന മേഖല വിപുലീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്” പ്രധാനമന്ത്രി പറഞ്ഞു.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് രാജ്യം നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിനുള്ള സുപ്രധാന മന്ത്രമാണിതെന്ന് ഊന്നിപ്പറഞ്ഞു. അത്തരം ശ്രമങ്ങളുടെ ഫലമായി, വെറും 8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയായി.
കഴിഞ്ഞ 8 വര്‍ഷത്തെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, കര്‍ണാടകയാണ് അതില്‍ നിന്ന് വളരെയധികം പ്രയോജനം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരു സംസ്ഥാനം കര്‍ണാടകയാണ്”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 70,000 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുകയും ഒരു ലക്ഷം കോടിയി രൂപയിലധികം ചെലവുവരുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

Leave a Reply

Your email address will not be published. Required fields are marked *