0 Comments

ന്യൂഡൽഹി: ദേശീയ ലോജിസ്റ്റിക്സ് നയം (എൻഎൽപി) പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പുറത്തിറക്കി. പുതിയ ലോജിസറ്റിക് നയം ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറയ്ക്കുമെന്നും കയറ്റുമതി വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് ചടങ്ങ് നടന്നത്.

ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കിയതിലൂടെ, ഇന്ത്യ വികസിതരാജ്യമാകണമെന്ന ‘പ്രാൺ’ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണുണ്ടായതെന്നു ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

“ഏതറ്റംവരെയും അതിവേഗം വിതരണം ഉറപ്പാക്കാനും, ഗതാഗതസംബന്ധമായ വെല്ലുവിളികൾ അവസാനിപ്പിക്കാനും, ഉൽപ്പാദകരുടെ സമയവും പണവും ലാഭിക്കാനും, കാർഷികോൽപ്പന്നങ്ങൾ പാഴാകുന്നതു തടയാനും, യോജിച്ച ശ്രമങ്ങൾ നടത്തി. ആ ശ്രമങ്ങളുടെ പ്രത‌ിഫലനങ്ങളിലൊന്നാണ് ഇന്നത്തെ ദേശീയ ലോജിസ്റ്റിക്സ് നയം.”- പ്രധാനമന്ത്രി പറഞ്ഞു. ഏകോപനത്തിൽ വരുന്ന പുരോഗതി ഈ മേഖലയ്ക്കാവശ്യമായ വേഗം പകരും.

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യയിൽ കാര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ചീറ്റയെ തുറന്നുവിട്ടതു പരാമർശിച്ച്, ചരക്കുകൾ ചീറ്റയെപ്പോലെ വേഗത്തിൽ നീങ്ങണമെന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *