0 Comments

അഹമ്മദാബാദ് (ഗുജറാത്ത്): ഗാന്ധിനഗര്‍ – മുംബൈ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വെ സ്റ്റേഷനില്‍വച്ച് സെമി ഹൈസ്പീഡ് ട്രെയിനിന് പച്ചക്കൊടി കാട്ടിയ പ്രധാനമന്ത്രി തീവണ്ടിയില്‍ യാത്ര നടത്തുകയും ചെയ്തു.

ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും ഉണ്ടായിരുന്നു.

രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് തീവണ്ടി സര്‍വീസിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരു തവണ യാത്രചെയ്താല്‍ പതിവായി വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലും പിന്നീട് യാത്രചെയ്യുന്നതിനായി വന്ദേ ഭാരത് എക്‌സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വന്ദേ ഭാരത് എക്‌സ്പ്രസ് 2.0- ട്രെയിനിന്റെ കോച്ചുകള്‍ പ്രധാനമന്ത്രി പരിശോധിക്കുകയും ഓണ്‍ബോര്‍ഡ് (കോച്ചിനുള്ളിലെ)സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് എക്‌സ്പ്രസ് 2.0 ന്റെ ലോക്കോമോട്ടീവ് എഞ്ചിന്റെ നിയന്ത്രണ കേന്ദ്രവും ശ്രീ മോദി പരിശോധിച്ചു.

അതിനുശേഷം പ്രധാനമന്ത്രി ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും അവിടെ നിന്ന് കാലുപൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *