0 Comments

ഡല്‍ഹി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനമുയരവേ അഴിമതിവിരുദ്ധ ഏജന്‍സികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷിപ്ത താല്‍പര്യക്കാരുടെ അപവാദങ്ങളുടെ പേരില്‍ അഴിമതിക്കെതിരെയുള്ള നടപടികളില്‍ പ്രതിരോധത്തിലാകേണ്ടതില്ലെന്ന് ഏജന്‍സികളോട് മോദി പറഞ്ഞു.

എത്ര ശക്തരായാലും അഴിമതി കാണിക്കുന്നവരെ വെറുതേ വിടരുതെന്നും കേന്ദ്ര വിജലന്‍സ് കമ്മീഷന്റെ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘അഴിമതിക്കാര്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വിജിലന്‍സ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യം. അഴിമതിക്കാരായ ഓരോ വ്യക്തിയെക്കൊണ്ടും സമൂഹത്തിന് മുന്നില്‍ കണക്കുപറയിക്കണം. അത്തരമൊരു സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. അഴിമതിക്കാരാണെന്ന് തെളിയിക്കപ്പെട്ടവര്‍ക്ക് സ്തുതിപാടുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സത്യസന്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് അത്തരക്കാരുടെ അടുത്ത് പോകുന്നതിലും അവര്‍ക്കൊപ്പം ചിത്രമെടുക്കുന്നതിലും യാതൊരു ലജ്ജയും തോന്നുന്നില്ല. ഇത് ഇന്ത്യന്‍ സമൂഹത്തിന് നല്ലതല്ല’; പ്രധാനമന്ത്രി പറഞ്ഞു.

‘അഴിമതിക്കെതിരേയും അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരേയും പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികള്‍ പ്രതിരോധത്തിലാവേണ്ടകാര്യമില്ല. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ യാതൊരു കുറ്റബോധത്തിന്റേയും ആവശ്യമില്ല. രാഷ്ട്രീയ അജന്‍ഡയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ല. എന്നാല്‍, രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *