0 Comments

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം തുടരുന്നു. ഞായർ വൈകീട്ട് വരെ തുടരുന്ന സന്ദർശനത്തിൽ അദ്ദേഹം വിവിധ ചടങ്ങുകളിൽ സംബന്ധിക്കും. ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാമും സംബന്ധിച്ചു.

ശനിയാഴ്ച രാവിലെ എട്ടരക്ക് ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചിന് സേക്രട്ട് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി സംസാരിക്കും. ആറിന് ഞായറാഴ്ച രാവിലെ 9.30ന്  മനാമയിലെ സേക്രഡ് ഹാർട്ട് പള്ളിയിൽ ബിഷപ്പുമാർ, വൈദികർ, സഭാ പ്രവർത്തകർ എന്നിവരുമായി പ്രാർഥനാ യോഗത്തെയും മാർപ്പാപ്പ അഭിസംബോധന ചെയ്യും. ഉച്ചക്ക് ഒന്നിന് റോമിലേക്ക് മടങ്ങും.

സഹവർത്തിത്വത്തിൻറെയും മാനവ സാഹോദര്യത്തിൻറെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികൾ. ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്’ എന്ന പ്രമേയത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങ്, അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച, അവാലിയിലെ ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ സഭൈക്യ സമ്മേളനം എന്നിവയായിരുന്നു ബഹ്റൈൻ സന്ദർശനത്തിൻറെ രണ്ടാം ദിവസം മാർപാപ്പ പങ്കെടുത്ത പരിപാടികൾ.

സഖീർ പാലസിലെ മെമ്മോറിയൽ ചത്വരത്തിൽ നടന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിെന്റ സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കൊപ്പം ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു.

2014ൽ ജോർദാനാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ച ആദ്യ അറബ് രാഷ്‌ട്രം. 2019 ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സഹവർത്തിത്വവുമാണ് മനുഷ്യരാശിയുടെ പുരോഗതിയിലേക്കും മുന്നേറ്റത്തിലേക്കുമുള്ള ഏക മാർഗമെന്ന് ഇറാഖിലെ സന്ദർശനം പൂർത്തിയാക്കിയ വേളയിൽ നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *