
റിയാദ്: പുതിയ രാജ്യാന്തര വിമാനത്താവള പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു സൗദി മന്ത്രിസഭാ യോഗം. റിയാദ് അല്‍-യമാമ കൊട്ടാരത്തില്‍ സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനത്തെ പ്രശംസിച്ചത്.
വ്യോമ ഗതാഗത രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് വഴിവെക്കുകയും ആഗോള ചരക്ക് നീക്കത്തിന് വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്ന പുതിയ വിമാനത്താവളം ലോക ഭൂപടത്തില്‍ റിയാദിന്റെ സ്ഥാനം ഉയര്‍ത്തുമെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഗതാഗതം, വ്യാപാരം, വ്യവസായം, വിനോദ സഞ്ചാരം എന്നീ മേഖലകളെ പുതിയ വിമാനത്താവളം ഉത്തേജിപ്പിക്കുമെന്നും കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലമായി റിയാദിനെ മാറ്റുമെന്നും മന്ത്രിസഭാംഗങ്ങള്‍ പറഞ്ഞു.
സമഗ്ര പരിവര്‍ത്തന പദ്ധതിയായ ‘വിഷന്‍ 2030’-ന് ഇത് സംഭാവന നല്‍കും. സൗദിയുടെ തലസ്ഥാന നഗരിക്ക് ലോകത്തിലെ ഏറ്റവും മികച്ച നഗര സമ്ബദ് വ്യവസ്ഥകളുടെ പട്ടികയില്‍ ഇടം നേടാന്‍ ഇത് അവസരമൊരുക്കും.
കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാന്‍ പോകുന്ന റിയാദ് കിങ് സല്മാന് രാജ്യാന്തര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിച്ചത്.