
ഡല്‍ഹി: ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടികൾ കലാശക്കൊട്ടിന്റെ ഭാഗമായി റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഒന്നാംഘട്ടത്തെ അപേക്ഷിച്ച് വാശിയേറിയ പ്രചാരണമാണ് രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ നഗര മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന വടക്കൻ ഗുജറാത്തിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി തുടർച്ചയായി രണ്ട് ദിവസങ്ങളിൽ നടത്തിയ റോഡ് ഷോയാണ് ബിജെപിക്ക് കലാശക്കൊട്ടിന് ബലം പകരുന്നത്. പൊതുയോഗങ്ങളും റാലികളും വാഹന ജാഥകളും നടത്തിയാണ് ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നത്.
എന്നാൽ സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കണ്ട് ഗൃഹ സന്ദർശന പരിപാടികൾ വഴി പ്രചരണം മുന്നോട്ട് കൊണ്ട് പോകുന്ന രീതിയാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഹാർദിക് പട്ടേലിനെ അടർത്തി മാറ്റിയത് വഴി പാട്ടീദാർ സമൂഹത്തെ കൂടെ നിർത്താൻ കഴിയും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.