
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിലേക്ക് പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിൽ ശീതസമരം തുടരുന്നതിനാൽ സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളേറെയാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുലെത്തുന്നത്.
മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ ഭാരത് ജോഡോ യാത്ര പൂർത്തിയാക്കി വൈകിട്ടാണ് രാജസ്ഥാനിൽ എത്തുക. 21 വരെ രാജസ്ഥാനിൽ തുടരുന്ന യാത്ര 24 ന് ഡൽഹിയിലേക്ക് പ്രവേശിക്കും. ജനം ഏറ്റെടുത്ത യാത്രയായി ഭാരത് ജോഡോ മാറിയെന്നും രാജസ്ഥാനിൽ വൻ വിജയമാകുമെന്നും സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.