
ഷാര്‍ജ: ഷാര്‍ജയില്‍ ഇനി പാര്‍ക്കിങിന് പണമടയ്ക്കണമെന്ന് റിപ്പോർട്ടുകൾ . ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചു പൂട്ടുന്നതോടെ ഇനി താമസക്കാര്‍ക്ക് പാര്‍ക്കിങിന് ചെലവേറും. വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ പണം നല്‍കിയുള്ള പൊതു പാര്‍ക്കിങോ സ്വകാര്യ പാര്‍ക്കിങോ തേടേണ്ടി വരും. നിയമലംഘകരെ കണ്ടെത്താന്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും.
മാസത്തില്‍ കുറഞ്ഞത് 300 ദിര്‍ഹമെങ്കിലും അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും സൗജന്യമായി പാര്‍ക്ക് ചെയ്യാമായിരുന്നു. ഈ സ്ഥലങ്ങള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിന്റെ സൗന്ദര്യവത്കരണവും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് പാര്‍ക്കിങ് ഏരിയകള്‍ വികസിപ്പിക്കുന്നത്. നിലവില്‍ ഷാര്‍ജയില്‍ 57,000 പൊതു പാര്‍ക്കിങുകള്‍ ഉണ്ട്. ഒക്ടോബറില്‍ മാത്രം 2,440 പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ തയ്യാറാക്കി.