0 Comments

അഹമ്മദാബാദ്: ബിജെപിയിൽ ചേരുന്ന കാര്യം ജനഹിതം പരിശോധിച്ച് തീരുമാനിക്കുമെന്ന് ഗുജറാത്തിലെ എഎപി എംഎൽഎ. ജുനഗഡ് ജില്ലയിലെ വിസാവദർ എംഎൽഎയായ ഭൂപത് ഭയാനിയാണ് ബിജെപിയിൽ ചേരാനുള്ള സാധ്യതയെ കുറിച്ച് വ്യക്തമാക്കിയത്.

ഇത് വരെ ബിജെപിയിൽ ചേർന്നിട്ടില്ല. പക്ഷേ, ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുമെന്നാണ് ആംആദ്മി ടിക്കറ്റിൽ വിജയിച്ച എംഎൽഎയുടെ പരാമർശം.

‘കർഷകർ ഒരുപാടുള്ള സ്ഥലത്തെ ജനപ്രതിനിധിയാണ് ഞാൻ. എനിക്ക് ജലസേചനവുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തണം, മറ്റ് ബുദ്ധിമുട്ടുകളും കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷ നിരയിലിരുന്ന് ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ലെന്ന്’- ഭൂപത് ഭയാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി.ക്കും ഗുജറാത്തിലെ ജനങ്ങൾ റെക്കോർഡ് ജനവിധിയാണ് നൽകിയത്. അതിനെ ബഹുമാനിക്കുന്നു. താൻ നേരത്തെ ബി.ജെ.പിയോടൊപ്പമായിരുന്നുവെന്നും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും എഎപി എംഎൽഎ കൂട്ടിച്ചേർത്തു. നേരത്തെ ബിജെപി എംഎൽഎയായിരുന്ന ഭൂപത് ഭയാനി, അടുത്തിടെയാണ് ആംആദ്മിയിൽ ചേർന്നത്.

ഡിസംബര്‍ ഒന്ന് അഞ്ച് തിയതികളിലായി നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത് ഡിസംബര്‍ എട്ടിനായിരുന്നു. ആം ആദ്മി പാര്‍ട്ടിക്ക് അഞ്ചു സീറ്റുകളാണ് ലഭിച്ചത്. ഇവരുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര എംഎല്‍എമാരുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *