ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ വ്യോമനിരീക്ഷണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം.കമാൻഡർ തല ചർച്ചയ്ക്കുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്.
അരുണാചല്‍ മേഖലയിലും ദെപ്സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. നേരത്തെ തന്നെ ഇന്ത്യ, വടക്കുകിഴക്കൻ മേഖലയിൽ കൂടുതൽ വിമാനങ്ങൾ വിന്യസിക്കാനും പരിശീലനം നടത്താനും തീരുമാനിച്ചിരുന്നു. വിവിധ തരം വിമാനങ്ങളെ ദുഷ്ക്കരമായ മലനിരകളുളള കിഴക്കൻ മേഖലയിൽ പറന്നുയരാനും ശത്രുവിനെതിരെ ശക്തമായ ആക്രമണം നടത്താനുമുള്ള പരിശീലനമാണ് നടത്തുന്നത്. കനത്ത മൂടൽ മഞ്ഞും ഉയരമുള്ള പർവതങ്ങളും താണ്ടി ശത്രുവിനെ നേരിടുന്നതിനായാണ് പരിശീലിപ്പിക്കുന്നത്.
ഡിസംബര്‍ 9നാണ് അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.