
ഡല്‍ഹി: അരുണാചലിലെ അതിർത്തിയിൽ ചൈന നടത്തിയ കയ്യേറ്റ ശ്രമം പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് ഇരു സഭകളിലും നടത്തിയ പ്രസ്താവന അവ്യക്തവും ദുർബലവുമാണെന്നും വിശദമായ ചർച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഇരു സഭകളിലും നോട്ടീസ് നൽകും. വിലക്കയറ്റം അടക്കമുള്ള മറ്റ് വിഷയങ്ങളിലും എംപിമാർ അടിയന്തര പ്രമേയത്തിന് അനുമതി തേടും. രാജ്യസഭയിൽ മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് സൊസൈറ്റി ബില്ലിൻമേലുള്ള ചർച്ച ഇന്നും നടക്കും.
അതേസമയം, ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം നടന്ന അരുണാചൽ പ്രദേശിൽ ഇന്ന് ഇന്ത്യ സൈനിക അഭ്യാസം ആരംഭിക്കും. സുഖോയ് അടക്കമുള്ള യുദ്ധവിമാനങ്ങൾ അണിനിരത്തി ആണ് ഇന്ത്യ സൈനിക അഭ്യാസം നടത്തുക. അതേസമയം, തവാങ് മേഖലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ചൈനയും നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.