
ഗുവാഹത്തി: മണിപ്പൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം ഒമ്പതായി. എട്ട് കുട്ടികൾ ഉൾപ്പടെ ഒൻപത് പേരാണ് മരിച്ചത്. നോനി ജില്ലയിൽ ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്.
മരിച്ചവരിൽ സ്കൂൾ വാർഡനും ഉൾപ്പെടുന്നു. അപകടത്തിൽ 35 ലധികം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. രണ്ട് ബസുകളിലായി പഠനയാത്രക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.
പെൺകുട്ടികളുമായി സഞ്ചരിച്ച ബസ് വളവ് തിരിയുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ അഞ്ച് കുട്ടികളിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.പരിക്കേറ്റ വിദ്യാർഥികളും അധ്യാപകരും ഇംഫാലിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.