
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങൾക്ക് റിയാദില്‍ തുടക്കം. നഗരത്തിൽ നിന്നും 130 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന റുമ പട്ടണത്തിലാണ് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവ നഗരി.
സൗദി കാമൽ ക്ലബ് ഒരുക്കുന്ന വാർഷിക സാംസ്കാരിക, സാമ്പത്തിക, കായിക, വിനോദ ഉത്സവമാണിത്. ജനുവരി 15നാണ് അവസാനിക്കുക. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്. അതിനാൽ തന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടകമേള.
മത്സരത്തിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടകങ്ങൾ പങ്കെടുക്കും.ഒട്ടകയോട്ട, സൗന്ദര്യ മത്സരങ്ങളിൽ 10 കോടി സൗദി റിയാലാണ് സമ്മാനത്തുക. ജിസിസി രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്നും പ്രദർശനം കാണാനും പങ്കെടുക്കാനും നൂറുകണക്കിനാളുകൾ ഇതിനകം നഗരത്തിലെത്തി. സൗദി ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിദേശികളും മേളയുടെ കൗതുകം ആസ്വദിക്കാൻ വരുന്നുണ്ട്.