0 Comments

ഡല്‍ഹി: ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ കോവിഡ് നിരീക്ഷണസംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം, വാക്‌സിനേഷന്‍ എന്നിവയുടെ പുരോഗതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിലാണ് നിര്‍ദേശം.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോൾ, മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനാരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ COVID-19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും  വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു.  കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കഴിഞ്ഞ രണ്ടുതരംഗങ്ങളിലും പ്രവര്‍ത്തിച്ചതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണമനോഭാവത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. പരിശോധനകള്‍ ത്വരപ്പെടുത്താനും ആശുപത്രി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അര്‍ഹരായ എല്ലാവരും വാക്‌സിനെടുക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കടുത്തനടപടി സ്വീകരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *