
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്ന്നു. തുടര്‍ന്ന് സിദ്രയില്‍ വെച്ച് ട്രക്കിനെ തടഞ്ഞു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഭടന്മാര്ക്ക് നേരെ വെടിയുതിർത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി മേഖലയിൽ തിരച്ചില്‍ തുടരുകയാണ്.